ബ്ലോക്ക് പഞ്ചായത്ത് ചരിത്രം
ചൊവ്വന്നൂർ ചരിത്ര പശ്ചാത്തലം
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൂണ്ടൽ, ചൊവ്വന്നൂർ, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം കടങ്ങോട്, വേലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് 170.73 ചതുരശ്രകിലോ മീറ്റർ വിസ്തീർണ്ണമുണ്ട്. 16 ഡിവിഷനുകളുള്ള ചൊവ്വന്നൂർ ബ്ലോക്കിൻ്റെ അതിരുകൾ തെക്ക് ഗുരുവായൂർ നഗരസഭ, വടക്ക് ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളും
കിഴക്ക് എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളും
പടിഞ്ഞാറ് കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളുമാണ്. സമുദ്രനിരപ്പിൽ നിന്നും 30-40 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും കുന്നുകളും, ചരിവുകളും, സമതലങ്ങളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഈ ബ്ലോക്കിലുള്ളത്. എൻ.എച്ച് ബൈപ്പാസ്, തൃശ്ശൂർ കോഴിക്കോട് സ്റ്റേറ്റ് ഹൈവേ എന്നീ റോഡുകൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി, തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യ കാർഷിക വിളകൾ. അതിപുരാതനമായ ആദിദ്രാവിഡ നാഗരികതക്കും വൈദിക സംസ്കാരത്തിനും ബൗദ്ധ-ജൈന-ആര്യ സംസ്കൃതികൾക്കും ഇവിടെ വളരെ ശക്തമായ അടിത്തറ ഉണ്ടായിരുന്നതായി പ്രാചീന രേഖകൾ വ്യക്തമാക്കുന്നുണ്ട്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് തൃശ്ശൂർ ജില്ലയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നംകുളം നഗരത്തിന് സമീപമായതിനാൽ വ്യാപാര, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ പ്രധാന സ്വാധീനമുണ്ട്.
സാമുഹ്യചരിത്രം
അതിപുരാതമായ ആദിദ്രാവിഡ നാഗരികയ്ക്കും വൈദിക സംസ്കാരത്തിനും ബൗദ്ധ-ജൈന-ആര്യ സംസ്കൃതികൾക്കും ഇവിടെ വളരെ ശക്തമായ അടിത്തറ ഉണ്ടായിരുന്നതായി പ്രാചീനരേഖ കൾ വ്യക്തമാക്കുന്നുണ്ട്. . ഈ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16 നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റം ഫെറോനാപള്ളി തോമശ്ളീഹാ സ്ഥാപിച്ച പാലയൂർ പുള്ളിക്ക് ശേഷമുണ്ടായ പ്രധാന പള്ളിയാണ്. കേച്ചേരിയിലെ പട്ടിക്കര തടത്തിൽ ജുമാ മസ്ജിദിന് ഇവിടുത്തെ മുസ്ളീം ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാചീനമായ ഒട്ടേറെ ക്ഷേത്രങ്ങളും ഈ ബ്ളോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രശസ്തമായ കടവല്ലൂർ അന്യോന്യത്തിൻ്റെ വേദിയും പ്രാചീന ക്ഷേത്ര വാസ്തുകലയുടെ ഉത്തമദൃഷ്ടാന്തവുമായ കടവല്ലൂർ ശ്രീരാമക്ഷേത്രം, ഇവിടത്തെ ദീപസ്തംഭം, എ.ഡി 404-ൽ നിർമ്മിക്കപ്പെട്ട ഫെറോന പള്ളി, പോർക്കുളം മങ്ങാട് ക്ഷേത്രത്തിലെ കുതിര മഹോത്സവം എന്നിവ ഭക്തജനങ്ങളേയും, ചരിത്രകുതുകികളേയും, വിനോദ സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്നു. അരിയന്നൂർ, കണ്ടാണശ്ശേരി, ചൊവ്വന്നൂർ, കാട്ടകാമ്പാൽ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഗുഹകളും കല്ലടുക്കുകളും ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയവയാണ്. പ്രസ്തുത ഗുഹകൾ ചെന്തമിഴ് കാലഘട്ടത്തിലെ ബൗദ്ധ-ജൈന സന്യാസിമാരുടെ ധ്യാനമന്ദിരങ്ങളാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മഹാശിലായുഗ സംസ്കൃതിക്കും ബൗദ്ധ-ജൈന സംസ്കാരങ്ങൾക്കും വേദസംസ്ക്കതിക്കും തട്ടകമൊരുക്കിയ ഈ മണ്ണിൽ ഫ്യൂഡൽവാഴ്ചക്ക് എതിരെയും , ജന്മി-സവർണ്ണ മേൽക്കായ്മക്കെതിരെയും കൊടുമ്പിരികൊണ്ട പ്രക്ഷോപങ്ങളും അരങ്ങേറിയിട്ടുണ്ട്. കൊളോണിയൽ വാഴ്ചയും രാജഭരണവും മൈസൂർപ്പടയുമെല്ലാം ഈ നാട്ടകങ്ങളുടെ നെഞ്ചിൽ സിംഹപാദമുദ്രകൾ ചാർത്തി കടന്നുപോയി. ബ്ളോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളിലായി കണ്ടെത്തപ്പെട്ട കുടക്കല്ലുകളും, ഗുഹകളും മുനിയറകളും മഹാശിലായുഗ സംസ്കാരത്തിൻ്റേയും, പുരാതനകാലത്ത് കേരളത്തിൽ പ്രബല മായിരുന്ന ബൗദ്ധ- ജൈന സംസ്കൃതികളുടേയും സ്മാരകങ്ങളെന്ന നിലയിൽ കേന്ദ്ര സംസ്ഥാന പുരാവസ്തുവകുപ്പുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. 1920ലാണ് ഈ ഗുഹകൾ ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. അവയിൽ ഏറിയ കൂറും ജൈനസന്യാസിമാരുടെ മുനിയറകളാണ്. എ. ഡി ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് ഇവിടങ്ങളിൽ ബൗദ്ധ-ജൈന സംസ്കാരങ്ങൾ പ്രബലമായിരുന്നെന്ന് അനുമാനിക്കാൻ ന്യായമുണ്ട് . അഞ്ചാം നൂറ്റാണ്ടോടെ ജൈനമതം അപചയത്തിലേക്ക് നീങ്ങിത്തുടങ്ങി. ഏഴാം നൂറ്റാണ്ടു മുതൽ
ബുദ്ധമതവും ക്ഷയിച്ചുതുടങ്ങി. അക്കാലത്ത് ശക്തിപ്പെട്ടുവന്ന ഹൈന്ദവ സംസ്കാരത്തിന് അവ വഴി മാറുകയും ചെയ്തു. കണ്ടാണശ്ശേരി, ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ എന്നിവിടങ്ങളിലെ ഗുഹകളും അരിയന്നൂരിലെ കുടക്കല്ലുകളും ജൈനസംസാകാരത്തോടു ബന്ധപ്പെട്ടവയാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. കുട തന്നെ ജൈനചിഹ്നമാണ്. ഗുഹയ്ക്കകത്തെ ബ്രാഹ്മി ലിഖിതങ്ങളുടേയും പാറയിൽകൊത്തിവെച്ച കട്ടിലുകളുടേയും മറ്റും സാന്നിദ്ധ്യം കൊണ്ടാണ് ഇവയെല്ലാം ജൈനസന്യാസിമാരുടെ മുനിയറകളാണെന്ന് സ്ഥാപിച്ചത്. ജൈന സന്യാസിമാർ ബുദ്ധഭിക്ഷുക്കളേക്കാൾ ഏകാന്തത ആവശ്യമുള്ളവരായിരുന്നുവെന്നും അതിനാലാണ് അവർ ഭൂഗർഭ അറകൾ നിർമ്മിച്ച് ധ്യാനമിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊട്ടപ്പുറത്ത് പാലക്കാട് ജില്ലയിൽ ജൈനകുടുംബവും ജൈനക്ഷേത്രവും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതും അയൽപ്രദേശങ്ങളായ ആലങ്കോട്, ഇയ്യാൽ, നാഗലശ്ശേരി എന്നിവിടങ്ങളിലും ഗുഹകളും കുടകുടക്കല്ലുകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നതും ജൈനസംസ്ക്കാരം ഒരു കാലത്ത് ഇവിടെ പ്രബലമായിരുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നു. പോർക്കുളം വേദക്കാട് ക്ഷേത്രത്തിൽ നിന്നും കണ്ടെടുക്കപ്പെട്ട ശിലാപ്രതിമ ശ്രീബുദ്ധന്റേതാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . ഇതോടൊപ്പം ബുദ്ധസംസ്ക്കാര സ്മരണകളുണർത്തുന്ന പോർക്കുളം മങ്ങാട് ക്ഷേത്രത്തിലെ കുതിരമഹോത്സവവും ശ്രദ്ധേയമാകുന്നു പോർക്കുളത്തോടു തൊട്ടുകിടക്കുന്ന കാട്ടകാമ്പാൽ ചിറക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനു മുല്ലയും മുരുക്കും കവുങ്ങിൻതടിയും ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന രണ്ടുനിലകളുള്ള തേരുകളും ചെറിയ തേരുകളും ശ്രദ്ധേയമാണ്. ഇത്തരം രഥങ്ങളും കുതിരകളുമടങ്ങുന്ന കെട്ടുകാഴ്ചകൾ മൺമറഞ്ഞ ബുദ്ധമത സംസ്കാരത്തിൻ്റെ സ്മരണകളുണർത്തുന്നു. ബ്ളോക്ക് പഞ്ചായത്തിൽ കണ്ടെത്തപ്പെട്ട തരം ഗുഹകളെ കൊടും കല്ലറകൾ എന്നാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ വർഗ്ഗീകരിച്ചിരിക്കുന്നത്. 600 വർഷം മുമ്പ് രചിക്കപ്പെട്ട ഉണ്ണിയാടീചരിതത്തിൽ തലപ്പിള്ളി താലൂക്കിനെക്കുറിച്ചുള്ള പരാമർശം കാണുന്നു. ചൂണ്ടൽ പ്രവൃശ്യയിലെ 16 ദേശങ്ങളിൽ ചൂണ്ടൽ ദേശമൊഴിച്ച് ,മറ്റുള്ളവ ദരിദ്രങ്ങളായിരുന്നു. ചൂണ്ടലിലെ തായ്യങ്കാവ് ക്ഷേത്രത്തിലെ പ്രശസ്തിയേയും പഴമയേയും പറ്റി പരാമർശിക്കുന്നുണ്ട്. അഗസ്ത്യമുനിയുടെ പാദസ്പർശമേറ്റതെന്നു കരുതപ്പെടുന്ന അകതിയൂർ ഗ്രാമം അതിൻ്റെ നാമധേയത്തിൽ തന്നെ അഗസ്ത്യസ്മൃതികളുണർത്തുന്നു. പോർക്കുളം പഞ്ചായത്തിലാണ് അകതിയൂർ(അഗസ്ത്യയൂർ) ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് യഥാർത്ഥത്തിൽ അഗസ്ത്യയൂർ ആയിരുന്നു. ആര്യന്മാരിൽ ആദ്യമായി വിന്ധ്യാപർവ്വതം കടന്ന് തെക്കോട്ടു നീങ്ങിയ അഗസ്ത്യമുനി പോർക്കുളം കലശമലയുടെ പരിസരത്ത് കുറച്ചുകാലം തപസ്സനുഷ്ടിച്ചുവെന്നും ആ സ്ഥലമാണ് പിൽക്കാലത്ത് അകതിയൂർ(അഗസ്ത്യയൂർ) ആയതെന്നും വിശ്വസിക്കപ്പെടുന്നു. പ്രാചീനമായ അരിയന്നൂർ ഹരികന്യാക്ഷേത്രം പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻനിർമ്മിച്ചതാണെന്നും ഐതിഹ്യമുണ്ട് .കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ കുന്നിൻ്റെ നെറുകയിൽ അതിരാളൻകാവ് (അസുരമഹാകാളൻകാവ്) എന്നൊരു പ്രാചീനമായ കാവും ആനാറാൻകുഴി എന്നൊരു ഗുഹാമാർഗ്ഗവും കാണാം. തന്ത്ര വിദ്യാപീഠവും, അക്ഷര കളരികളും, ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം ,കഥകളി ഇത്യാദികളും നൂറ്റാണ്ടുകളുകൾക്ക് മുമ്പെ തന്നെ ഇവിടെ സജീവമായിരുന്നു. പഴഞ്ഞി ബസാറും അവിടുത്തെ സിറിയൻ ക്രിസ്ത്യാനികളുടെ പേട്ടയും നൂറ്റാണ്ടുകൾക്ക് മുമ്പെ പ്രശസ്തമായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് തലപ്പിളളി താലൂക്കിൻ്റെ ആസ്ഥാനം കുന്ദംകുളമായിരുന്നുവെന്നും പറയുന്നു. ആർത്താറ്റ് നിവാസികളായിരുന്നു കുന്ദംകുളം പട്ടണത്തിന്റെ അഭിവൃദ്ധിക്കു നിമിത്തമായതെന്നും രേഖകളിൽ കാണുന്നു. 1790-ൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ആർത്താറ്റ് പള്ളിവികാരി പുലിക്കോട്ടിൽ യൌസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ കുന്ദംകുളത്തു വന്നു താമസിച്ച അഭയാർത്ഥികളുടെ കൂട്ടായ പരിശ്രമമായിരുന്നു പട്ടണത്തിന്റെ അഭിവൃദ്ധിക്കു അടിത്തറ പാകിയത്. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർപ്പടയുമായി കണ്ടാണശ്ശേരിയുടെ വീരപുത്രന്മാർ ഏറ്റുമുട്ടിയെന്നും ഇരുഭാഗത്തുമായി ആയിരത്തോളം പേർ വ ധിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു.. ഈ ജഡങ്ങൾ മുഴുവൻ ഒരു കുളത്തിലിട്ടു മൂടുകയായിരുന്നുത്രെ. അതാണ് ഇന്നത്തെ ആയിരങ്കുളം, കൊച്ചിയും സാമൂതിരിയും തമ്മിൽ നീണ്ടുനിന്ന യുദ്ധത്തിനു വേദിയായതിനാലാണത്രേ പോർക്കുളം എന്ന ഗ്രാമത്തിന് പ്രസ്തുത സ്ഥലനാമം ലഭിച്ചത്. ആദ്യം പോർക്കളം എന്നറിയപ്പെട്ട ഇവിടം പിന്നീടു കാലാന്തരത്തിൽ പോർക്കുളം എന്ന് ശബ്ദഭേദം സംഭവിച്ചു. സാമൂതിരിയുടെ പടനായകന്മാരുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്നവർ കോട്ടയിൽ പണിക്കൻമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എന്തോ കാരണവശാൽ സാമൂതിരിക്ക് ഇവരോടു അപ്രീതി തോന്നുകയും ഇവിടെ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. ഇവർ താമസമുറപ്പിച്ചതോടെ അരുവായ് എന്ന പഴയ സ്ഥലപ്പേര് വിസ്തൃതമാകുകയും കോട്ടയിൽ എന്ന നാമം ഉറയ്ക്കുകയും ചെയ്തു. കാലക്രമത്തിൻ കോട്ടയിൽ കോട്ടോൽ ആയി രൂപാന്തരപ്പെടുകയും ചെയ്തു. ജന്മി വാഴ്ച അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഈ ബ്ളോക്ക് പഞ്ചായത്ത് മേഖലയിൽ നിലനിന്നിരുന്നു. ഫ്യൂഡൽ ആധിപത്യം നിഷ്ക്രമിച്ച ശേഷവും അതിൻ്റെ അവശിഷ്ടങ്ങൾ പല രൂപത്തിൽ ചില ഗ്രാമങ്ങളിലെങ്കിലും അടുത്തകാലം വരെ നിലനിന്നുപോന്നു. ഓരോ ഭൂവുടമക്കും അടുത്തകാലം വരെ സ്വന്തമായ അടിയാളർ ഉണ്ടായിരുന്നു. അവർ അന്യഭൂവുടമകളുടെ ഭൂമികളിൽ പണിക്കു പോകാൻ അനുവദിക്കപ്പെട്ടിരുന്നില്ല, ഇത്തരം അടിയാളർക്ക് ഓണം, വിഷു, തുടങ്ങിയ വിശേഷാവസരങ്ങളിൽ അവരവരുടെ തമ്പാൻ പടിക്കൽ നിന്ന് മുണ്ട്, നെല്ല്, തേങ്ങ, വെളിച്ചെണ്ണ.തുടങ്ങിയ എല്ലാ പലവ്യഞ്ജനങ്ങളും, കറിവെക്കാനുള്ള കായക്കുല, ചേമ്പ് ഇത്യാദികളും നൽകിയിരുന്നു. ഇവയും മേടിച്ച് അടിയാളർ ആർപ്പുവിളിച്ച് പോകണമെന്നായിരുന്നു കീഴ്നടപ്പ് എന്ന് നാട്ടറിവുകൾപറയുന്നു. തമ്പ്രാൻ പടിക്കൽനിന്ന് കൊടുക്കുന്ന കൈക്കോട്ടു കൊണ്ടു വേണം അടിയാളൻ്റെ ശവം മറവുചെയ്യാൻ എന്നു വരെ കീഴ് വഴക്കമുണ്ടായിരുന്നു. ഇത്തരം അടിയാളർക്കു മറ്റുപണിക്കാരേക്കാൾ അൽപ്പം കുറഞ്ഞ കൂലിയാണ് നൽകി വന്നിരുന്നത്. എൺപതുകൾവരെ ബ്ളോക്ക് പഞ്ചായത്തിലെ ചില ഗ്രാമങ്ങളിലെങ്കിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഓണക്കാലത്ത് നമ്പൂതിരി ജന്മിമാരുടെ ഇല്ലങ്ങളിൽ അത്തപ്പുവിടുന്നതിനുള്ള പൂക്കൾ അയൽപക്കത്തുള്ള കുടിയാന്മാരുടെ കുട്ടികൾ ശേഖരിച്ച് എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായി കാണുന്നു. ദേശീയ സമരങ്ങളുടേയും ജാതീയതാ വിരുദ്ധ പ്രക്ഷോപത്തിന്റേയും ക്ഷേത്രപ്രവേശനജാഥയുടേയും അലയൊലികളും ഈ നാട് ഏറ്റുവാങ്ങുകയും പ്രതികരിക്കുകയും ചെയ്തു. ബോംബെ നാവിക കലാപത്തിൽ പങ്കെടുത്ത ശങ്കർജി മറ്റം, എം എസ് ദേവദാസ്, എം. കെ രാജ തുടങ്ങിയവരായിരുന്നു ദേശീയപ്രസ്ഥാനത്തിനുവേണ്ടി ഇവിടെ മുന്നിൽ നിന്ന് പ്രവർത്തിച്ചത് . എം.ആർ.ബി, ഇ.എം എസ്, തുടങ്ങിയവർ ഇവിടുത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സമുദായ പരിഷ്കരണ പ്രവർത്തനത്തിനു നേതൃത്വം നൽകിയിട്ടുണ്ട്. ചൊവ്വന്നൂർ ബളോക്ക് പഞ്ചായത്തിൽ തനതായ ഒരു വിദ്യാഭ്യാസ സംസ്കാരം വളർന്നുവന്നിരുന്നു. കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവരായിരുന്നു ഭൂരിഭാഗം ഗ്രാമീണരുമെങ്കിലും 15 ാം നൂറ്റണ്ടിൻ്റെ ആദ്യഘട്ടം മുതൽക്കു തന്നെ വിദ്യഭ്യാസരംഗത്ത് ഇന്നാട്ടുകാർ ശ്രദ്ധപതിപ്പിച്ചിരുന്നു. 19 ാം നൂറ്റണ്ടിലും 20 ാം നൂറ്റണ്ടിൻ്റെ ആദ്യ ദശകങ്ങളിലും നിലനിന്നിരുന്ന ഗുരുകുലവിദ്യഭ്യാസ കുടിപ്പള്ളിക്കൂടങ്ങളും ഈ നാടിൻ്റെ വിദ്യഭ്യാസചരിത്രത്തിന് ഊടും പാവും നൽകി. ഈ സമ്പ്രദായത്തിൽ അധ്യാപകർ എഴുത്താശാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ദേശീയ പ്രസ്ഥാനവും അതിൻ്റെ ഭാഗമായ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും ഈ പ്രദേശത്തെ വിദ്യഭ്യാസപുരോഗതിയെ ത്വരിതപ്പെടുത്താൻ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളിൽപോലും ഗ്രാമീണർ അര വരെ മറയുന്ന വസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളുവെന്ന് ചരിത്ര രേഖകളിൽ കാണുന്നു.